തിരുവനന്തപുരം: ചീഫ് സെക്രട്ടറി എ. ജയതിലകിന്റെ വിരമിക്കൽ ദിനത്തിലും കടുത്ത വിമർശനങ്ങളുമായി എൻ. പ്രശാന്ത്. താൻ തന്നെയാണ് അധിപൻ എന്ന് അഹങ്കരിക്കുന്ന ആളാണ് ജയതിലക് എന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രശാന്ത് ആരോപിച്ചു. ജയതിലകിന്റെ ചിത്രം സഹിതമാണ് എൻ. പ്രശാന്ത് വിമർശനം ഉന്നയിച്ചിരിക്കുന്നത്.
ചിലർ അന്തസോടെ പടിയിറങ്ങുമ്പോൾ, മറ്റ് ചിലരുടെ പടിയിറക്കത്തെ സമൂഹം വലിയൊരു ആശ്വാസത്തോടെയാണ് നോക്കിക്കാണുന്നതെന്ന് കുറിപ്പിൽ പറയുന്നു. ചീഫ് സെക്രട്ടറി ഔദ്യോഗികമായി വിരമിക്കുന്ന ദിവസം തന്നെയാണ് കടുത്ത ഭാഷയിലുള്ള ഈ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നിരിക്കുന്നത്.
ഐഎഎസ് ഉദ്യോഗസ്ഥർ തമ്മിലുള്ള പോരിന്റെ തുടർച്ചയായാണ് ജയതിലകിന്റെ പടിയിറക്ക ദിനത്തിലെ പ്രശാന്തിന്റെ ഈ പ്രതികരണം. മുൻപും ജയതിലകിനെതിരെ സോഷ്യൽ മീഡിയായിലൂടെ പ്രശാന്ത് പരസ്യവിമർശനം നടത്തിയിരുന്നു. ഇരുവരും തമ്മിലുള്ള ഭിന്നത സിവിൽ സർവീസ് വൃത്തങ്ങളിൽ വലിയ ചർച്ചയായിരുന്നു.